2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കശ്മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു.
എന്തുകൊണ്ടാണ് ഐ.എ.എസ് പദവി രാജിവെച്ചതെന്നു ഷാ ഫൈസല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഭാവി പരിപാടികള്‍ വെള്ളിയാഴ്ച്ച പത്രസമ്മേളനത്തില്‍ പറയുമെന്നും ഷാ പറഞ്ഞു.
ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
“കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകള്‍ക്കെതിരെയും, ഇരുന്നൂറു മില്യണ്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദുത്വ ശക്തികള്‍ നിരന്തരം അപരവല്‍ക്കരിക്കുകയും പാര്‍ശ്വവത്കരിക്കുകയും അങ്ങനെ അവരെ രണ്ടാം തരം പൗരന്മാര്‍ എന്നിടത്തേക്ക് ചുരുക്കുകയും ചെയ്യുന്നതിനെതിരെ, ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ, അതിദേശീയതയുടെ പേരില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചു ഞാന്‍ ഇന്ത്യന്‍ ഭരണ സര്‍വീസില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.”