സുഡാനില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്ന് രക്ഷാ ദൌത്യത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജിദ്ദയില്‍ എത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ ഇന്ത്യയില്‍ എത്തിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. സുഡാനില്‍ നിന്നും രക്ഷപ്പെട്ട് ജിദ്ദയിലെത്തിയ സംഘാംഗങ്ങളും ട്വന്റിഫോറുമായി സംസാരിച്ചു.
സുഡാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും ഇന്നലെ രാത്രിയാണ് ഇന്ത്യക്കാര്‍ സുഡാനില്‍ നിന്നും ജിദ്ദയില്‍ എത്തിത്തുടങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിലാണ് രക്ഷാ ദൌത്യം പുരോഗമിക്കുന്നത്. ജിദ്ദയിലെത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ നാട്ടില്‍ അവരുടെ പ്രദേശങ്ങളില്‍ എത്തിക്കുമെന്ന് മന്ത്രി ജിദ്ദയില്‍ ട്വന്റിഫോറിനോട് പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരാണ് സുഡാനില്‍ നിന്നും ഇന്നലെ രാത്രി ജിദ്ദയില്‍ എത്തിയത്. ജിദ്ദയിലെ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സുഡാനില്‍ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് മെഡിക്കല്‍ സേവനവും ഭക്ഷണവും മറ്റും നല്കാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിലെ ഉയര്ന്ന ഉദ്യോഗസ്ഥരും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ജിദ്ദയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.