India Kerala

ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തി, കരുണാകരന്‍റെ വിശ്വസ്തനായി

ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തിയ ശേഷം കെ കരുണാകരന്‍റ വിശ്വസ്തനായി വളര്‍ന്ന നേതാവാണ് കടവൂര്‍ ശിവദാസന്‍. നാല് തവണ എം.എല്‍.എയായ കടവൂര്‍ നാല് തവണയും മന്ത്രിയുമായി. നിയമത്തിലും സംസ്കൃതത്തിലുമുള്ള അഗാധജ്ഞാനം കടവൂരിനെ നേതാക്കള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തി.

ആര്‍.എസ്.പിയുടെ സ്ഥാപക നേതാവായ എന്‍ ശ്രീകണ്ഠന്‍ നായരുടെ കൈപിടിച്ചാണ് കടവൂര്‍ ശിവദാസന്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ആര്‍.എസ്.പിയുടെ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തുടക്കം. ഇടക്ക് മുഴുവന്‍ സമയ അഭിഭാഷകനായി മാറിയെങ്കിലും യു.ടി.യു.സിയുടെ സംസ്ഥാന പ്രസിഡന്റായി മടങ്ങിവന്നു. 1980ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി ആദ്യമായി എം.എല്‍.എയും മന്ത്രിയുമായി. 82ല്‍ യു.ഡി.എഫിന്‍റെ ഭാഗമായി ആര്‍.എസ്.പി എസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. പിന്നീട് കടവൂരിനെ കാണുന്നത് കോണ്‍ഗ്രസില്‍.

കെ കരുണാകരന്‍റെ വിശ്വസ്തനായ ഗ്രൂപ്പ് നേതാവായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. കരുണാകരന്‍ പാ‍ര്‍ട്ടി വിടുംവരെ ഈ ബന്ധം തുടര്‍ന്നു. കൊല്ലത്തും കുണ്ടറയിലുമായി 91ലും 2001ലും വിജയം ആവര്‍ത്തിച്ചു. 96 ലും 2006ലും തോറ്റു. വിവിധ മന്ത്രിസഭകളിലായി 4 തവണ മന്ത്രിയായ കടവൂര്‍ വൈദ്യുതി, ആരോഗ്യം, തുറമുഖം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് കടവൂര്‍ ശിവദാസനായിരുന്നു. ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നിങ്ങനെ പാര്‍ട്ടി ഭാരവാഹിത്വങ്ങളും വഹിച്ചു. വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവര്‍ മക്കളാണ്.