കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും റെയിൽവേ ഉടൻ പുറത്തിറക്കും. ഒരു ട്രയൽ റൺ കൂടി നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. നാളെയോ മറ്റന്നാളോ ഫൈനൽ ട്രയൽ റൺ നടത്തും.
രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി ഇന്നലെ രാത്രി 10.25 നാണ് വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. 8 മണിക്കൂറും 5 മിനിറ്റുമായിരുന്നു ട്രെയിൻ തിരിച്ചുവരാൻ എടുത്ത സമയം. കാസർകോട്ടേക്കുള്ള യാത്രയേക്കാൾ 15 മിനിറ്റ് അധികമെടുത്തായിരുന്നു തിരിച്ചുള്ള യാത്ര. 25ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്യുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
കണ്ണൂർ വരെ നിശ്ചിയിച്ചിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോട്ടേക്ക് നീട്ടിയത് ആദ്യ ട്രയൽ റണിനു ശേഷമായിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ട്രെയിനിൻ്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക വാർത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ട്രയൽ റണിൽ 7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ, ഉച്ചയ്ക്ക് 12.19ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് 7 മണിക്കൂർ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.