National

പ്രചാരണങ്ങള്‍ അസത്യം, എന്‍സിപിക്കൊപ്പം തുടരുമെന്ന് അജിത് പവാര്‍

എന്‍സിപി വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍സിപിക്കൊപ്പം തുടരുമെന്നും അജിത് പവാര്‍ വ്യക്തമാക്കി.

എന്‍സിപിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിംവദന്തികളൊന്നും സത്യമല്ല. താന്‍ എന്‍സിപിയില്‍ തന്നെ തുടരും. എന്‍സിപിക്കൊപ്പമാണ് തന്റെ യാത്ര. തെറ്റായ പ്രചാരണങ്ങള്‍ മൂലം പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും തങ്ങളുടെ അസ്തിത്വം തങ്ങളുടേത് തന്നെയെന്നും അജിത് പവാര്‍ വ്യക്തമാക്കി.

അജിത് പവാറും 30ഓളം എംഎല്‍എമാരും എന്‍ഡിഎയുടെ ഭാഗം ആകാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആര് പോയാലും മഹാവികാസ് അഖാഡി ശക്തമായ് തന്നെ മഹാരാഷ്ട്രയില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെയും ശരത് പവാറിന്റെയും വിഷയത്തിലുള്ള പ്രതികരണം.

മഹാരാഷ്ട്രയില്‍ എന്‍സിപിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ എതാണ്ട് ഒരു മാസമായ് ശക്തമാണ്. അജിത് പവാര്‍ മറുകണ്ടം ചാടുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 53 എംഎല്‍എമാരാണ് എന്‍സിപിയ്ക്കുള്ളത്. ഇതില്‍ മുപ്പത്തഞ്ചോളം പേര്‍ അജിത്ത് പവാറിനൊപ്പം എന്‍ഡിഎയില്‍ എത്തുമെന്നാണ് വിവരം. അജിത് പവാറിന്റെ മുന്നണി പ്രവേശത്തില്‍ ബിജെപിയും ശിവസേന ഷിംഗ്‌ഡേ വിഭാഗവും കരുതലോടെ ആണ് ഇപ്പോഴും പ്രതികരിക്കുന്നത്.