അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി. വിദഗ്ധസമിതി റിപ്പോർട്ടിൽ ഇടപെടാൻ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്
വിദഗ്ധസമിതി റിപ്പോർട്ടിനെ മുഖവിലയ്ക്ക് എടുത്താണ് സുപ്രിം കോടതിയും അരി കൊമ്പൻ വിഷയത്തെ പരിഗണിച്ചത്. അരികൊമ്പനെ പിടികൂടി മൊരുക്കാൻ ഉള്ള അനുവാദം ആണ് തേടുന്നതെന്ന് സംസ്ഥാനം വ്യക്തമാക്കി. മെരുങ്ങിയതിന് ശേഷം കാട്ടാനയെ സ്വാഭാവിക അവാസവ്യവസ്ഥയിലെയ്ക്ക് അടക്കം വിടുന്നത് പരിഗണിയ്ക്കാം എന്നായിരുന്നു നിലപാട്. സുപ്രിംകോടതി ഈ നിലപാടിനൊട് വിയോജിച്ചു. സംസ്ഥാനം തന്നെ നിയോഗിച്ചതാണ് വിദഗ്ദസമിതിയെ. വിശദമായി പഠനം നടത്തിയ ശേഷം സമിതി എടുത്ത തിരുമാനമാണ് ഹൈക്കോടതി അംഗികരിച്ചത്. ഇപ്പോൾ ഇതിനെ സംസ്ഥാനം ചോദ്യം ചെയ്യുന്നത് മനസ്സിലാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ടിൽ അതുകൊണ്ട് തന്നെ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
കേരളത്തിന്റെ ഹർജ്ജി ഫയലിൽ സ്വീകരിയ്ക്കാതെ സുപ്രിം കോടതി തള്ളി. 1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിൽ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാൻ ആയിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ്. ഈ തീരുമാനത്തിൽ ഹൈകോടതി ഇടപെട്ടത് തെറ്റാണെന്ന് അരോപിയ്ക്കുന്നതായിരുന്നു സംസ്ഥാനത്തിന്റെ അപ്പീൽ.