Cricket

“മനോഹരമായ യാത്രയുടെ തുടക്കം”; ചരിത്രമെഴുതിയ മകന് ആശംസയുമായി സച്ചിൻ ടെൻഡുൽക്കർ

അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ. ഐപിഎല്ലിൽ സച്ചിൻ അണിഞ്ഞ ഏക കുപ്പായം മുംബൈ ഇന്ത്യൻസിന്റെ ആയിരുന്നു. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അർജുൻ മുംബൈയുടെ ആ നീല ജേഴ്‌സിയിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ അരങ്ങേറ്റം നടത്തിയത്. ഇന്ന് അർജുൻ അരങ്ങേറ്റം കുറിച്ചതോടെ ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോർഡ് ഇരുവരുടെയും പേരിലായി. ഇന്നിങ്സിലെ ആദ്യ ഓവർ എറിയാൻ ഇന്നലെ ക്യാപ്റ്റൻ ആയിരുന്ന സൂര്യകുമാർ യാദവ് അർജുനിനെ ക്ഷണിച്ചിരുന്നു. രണ്ട് ഓവറുകൾ മാത്രമെറിഞ്ഞ അർജുൻ വിക്കറ്റുകൾ എടുക്കാതെ വിട്ടുകൊടുത്തത് 17 റണ്ണുകൾ മാത്രമാണ്. മത്സരശേഷം മകന് ആശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് സച്ചിൻ.

” അർജുൻ, ഒരു ക്രിക്കറ്റ് താരമാകാനുള്ള യാത്രയിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു നീ. ക്രിക്കറ്റിനോട് ഇഷ്ടമുള്ള, നിന്നെ സ്നേഹിക്കുന്ന ഒരു പിതാവെന്ന നിലയിൽ ഈ മത്സരത്തിന് അർഹിക്കുന്ന ബഹുമാനം നൽകിയാൽ അത് നിന്നെ തിരിച്ചു സ്നേഹിക്കുമെന്ന് എനിക്കറിയാം. വളരെയധികം കഠിനാധ്വാനം ചെയ്താണ് നീ ഇവിടെയെത്തിയത്. അത് ഇനിയു തുടരുമെന്നും ഉറപ്പാണ്. ഇതൊരു മനോഹരമായ യാത്രയുടെ തുടക്കമാണ്. എല്ലാ ആശംസകളും,” സച്ചിൻ തന്റെ ട്വീറ്റിൽ കുറിച്ചു.

കൊൽക്കത്തയ്ക്ക് എതിരെ അഞ്ച് വിക്കറ്റുകൾക്ക് മുംബൈ മത്സരം കൈപ്പിടിയിലൊതുക്കി. ഒറ്റയാൾ പോരാളിയായി കൊൽക്കത്തയിൽ നിറഞ്ഞാടി സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരുടെ സെഞ്ച്വറിയ്ക്കും മുംബൈ വിജയം തടയാനായില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 51 പന്തിൽ 104 റൺസ് നേടിയ അയ്യരുടെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്തു.