ബാബർ അസമിൻ്റെ ബാറ്റിംഗിനെ വിമർശിച്ചതിനാൽ പാകിസ്താനിലെ തൻ്റെ ജീവിതം ജയിൽവാസം പോലെയായിരുന്നു എന്ന് ന്യൂസീലൻഡിൻ്റെ മുൻ താരവും കമൻ്റേറ്ററുമായ സൈമൺ ഡൂൾ. അസമിൻ്റെ സ്ട്രൈക്ക് റേറ്റിനെ വിമർശിച്ച് കമൻ്ററി പറഞ്ഞതിനു പിന്നാലെ തന്നെക്കാത്ത് താരത്തിൻ്റെ ആരാധകർ പുറത്ത് കൂടിനിൽക്കുകയായിരുന്നു എന്നും പുറത്ത് ഭക്ഷണം കഴിക്കാൻ പോലും പോവാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ജിയോ ന്യൂസിനോട് പറഞ്ഞു.
“പാകിസ്താനിൽ ജീവിക്കുന്നത് ജയിലിൽ ജീവിക്കുന്നത് പോലെയാണ്. ബാബർ അസമിൻ്റെ ആരാധകർ കാത്ത് നിൽക്കുന്നതിനാൽ പുറത്തുപോകാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ട് ഭക്ഷണം പോലും കഴിക്കാനാവാതെ ഞാൻ ഒരുപാട് ദിവസം പാകിസ്താനിൽ താമസിച്ചു. മാനസികമായി ഞാൻ ഏറെ പീഡിപ്പിക്കപ്പെട്ടെങ്കിലും ദൈവസഹായത്താൽ എനിക്ക് പാകിസ്താനിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു.”- അദ്ദേഹം പറഞ്ഞു.
പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനിടെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിലാണ് സൈമൺ ഡൂൾ ബാബറിനെ വിമർശിച്ചത്. മത്സരത്തിൽ സെഞ്ചുറി നേടിയെങ്കിലും മൂന്നക്കത്തിലേക്കടുക്കവെ താരം സാവധാനം ബാറ്റ് ചെയ്തിരുന്നു. ഇതിനെയാണ് ഡൂൾ വിമർശിച്ചത്.
കഴിഞ്ഞ ദിവസം ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ വിരാട് കോലിയുടെ ഇന്നിംഗ്സിനെയും ഡൂൾ വിമർശിച്ചു. 42ൽ നിന്ന് 50ലേക്കെത്താൻ കോലി 10 പന്തുകളെടുത്തു എന്നായിരുന്നു വിമർശനം.