സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.
തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39 °C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3°C മുതൽ 4°C വരെയുള്ള വർധനവിനാണ് സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം ചുട്ടുപൊള്ളുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി. 40.1°c ചൂട്. തൃശൂർ വെള്ളാനിക്കരയിൽ 40°c ചൂടും രേഖപ്പെടുത്തി. 2019 നു ശേഷം ആദ്യമായാണ് സംസ്ഥാനത്തു താപനില ഔദ്യോഗികമായി 40°c രേഖപെടുത്തിയത്.
അതേ സമയം സംസ്ഥാനത്തെ 16 ഓളം ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. സൂര്യാഘാത – സൂര്യതപ സാധ്യത നിലനിൽക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണം.അതേസമയം തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട വേനൽമഴക്കും സാധ്യത പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.