രാജസ്ഥാനിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും അനുനയ നീക്കവുമായ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന് പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.
രാജസ്ഥാന് പ്രശ്നപരിഹാരം ഉണ്ടാകാത്ത സമസ്യയായ് കോണ്‍ഗ്രസിന് മുന്നില്‍ തുടരുകയാണ്. പരസ്പരം കലഹിച്ച് നില്ക്കുന്ന സച്ചിന് ഗെഹ്ലോട്ട് വിഭാഗങ്ങളോട് പ്രകോപനപരമായ പ്രസ്താവനകള്‍ ഇനി നടത്തരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.
മറുവശത്ത് അശോക് ഗഹ്ലോട്ടിനെ മുക്തകണ്ഠം അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണവും ഇന്ന് ശ്രദ്ധേയമായി. എന്ത് തിരക്കുണ്ടെങ്കിലും വികസനത്തിനായ് നിലകൊള്ളുന്ന നേതാവാണ് ഗെഹ്ലോട്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അജ്മീരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സച്ചിന് പൈലറ്റിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ വിട്ടു വീഴ്ച ഇല്ലെന്ന നിലപാട് ഗെഹ്ലോട്ട് പക്ഷം വ്യക്തമാക്കി. സച്ചിനാകട്ടെ സത്യഗ്രഹത്തിന്റെ അടുത്ത ദിവസം ഡല്‍ഹിയിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ, പ്രിയങ്കാ ഗാന്ധി മുതലായവരുമായ് സച്ചിന് ചര്‍ച്ച നടത്തും. താന്‍ പാര്‍ട്ടി വിടുമെന്നത് കേവലം അഭ്യൂഹം മാത്രമണെന്നാണ് സച്ചിന്റെ നിലപാട്.