അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. കോളർ കൈമാറാൻ അസ്സം ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും.
പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ്. തീരുമാനം വന്നത് മുതൽ പറമ്പിക്കുളം അതിരപ്പിള്ളി മേഖലകളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ 17ന് നെല്ലിയാമ്പതിയിൽ ഹർത്താൽ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്.