Kerala

അരികൊമ്പൻ പുനരധിവാസം; ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ

അരിക്കൊമ്പൻ കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം വനംവകുപ്പ് തുടങ്ങിയത്. അവധി ദിവസങ്ങളായതിനാൽ അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവളമുള്ള കോളറുകളിലൊന്ന് എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്. 

അടുത്ത ആഴ്ച തന്നെ ദൗത്യം പൂർത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്തു നിന്നും മറ്റെവിടേക്കെങ്കിലും മാറിയാൽ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും. കോടതി കൃത്യമായ നിരീക്ഷിക്കുന്നതിനാൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരിക്കും പിടികൂടുക. വിശദമായ മോക്ക് ഡ്രിൽ നടത്തുന്നതുൾപ്പെടെയുള്ള കാര്യവും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ജിപിഎസ് കോളർ കിട്ടുന്നതിനനുസരിച്ച് തീയതി തീരുമാനിക്കും. വനയാട്ടിൽ നിന്നുള്ള ദൗത്യ സംഘവും കുങ്കിയാനകളും ഇപ്പോഴും ചിന്നക്കനാലിൽ തുടരുകയാണ്. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തമായതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയും വനം വകുപ്പിനുണ്ട്.

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ, മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെയാണ് ഹർത്താൽ. മുതലമട പഞ്ചായത്തിൽ രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ഹർത്താൽ വൈകീട്ട് 6 വരെ നീളും. സർവ്വകക്ഷി യോഗത്തിന്റെതാണ് തീരുമാനം. പതിനൊന്ന് ആദിവാസി കോളനികളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേർ താമസിക്കുന്നുണ്ട് പറമ്പിക്കുളം മേഖലയിൽ. അരികൊമ്പനെ എത്തിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പൻ റേഞ്ചിനു അടുത്തു തന്നെയാണ് കുരിയാർ കുറ്റി ആദിവാസി കോളനി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെമ്മാറ എംഎൽഎ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി എന്നിവർക്ക് കത്തു നൽകി.