തിരുവനന്തപുരത്തു ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. വെള്ളനാട് സ്വദേശി വിമൽകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. ബസ് ഡ്രൈവറായ പ്രതി വള്ളക്കടവിൽ വെച്ചു കുട്ടിയെ ബസ്സിനുള്ളിൽ ബലം പ്രയോഗിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു.
2013 സെപ്റ്റംബർ ഇരുപതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മാലിന്യം കളയുന്നതിനു റോഡിലേക്ക് വന്നപ്പോഴാണ് ബസ് ഡ്രൈവറായ വിമൽ കുമാർ അതിക്രമം നടത്തിയത്. കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളിൽ വലിച്ച് കയറ്റി ലൈംഗിക പീഡനം നടത്തുകയായിരുന്നു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. ഓട്ടിസത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലെത്തിയപ്പോഴുണ്ടായ മാറ്റത്തെ തുടർന്ന് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്. തൊട്ടടുത്ത ദിവസം ബസ്സിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു. തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് വിമൽകുമാറിന് തിരുവനനതപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പതിനേഴ് രേഖകളും, മൂന്ന് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കേസിൻ്റെ വിസ്താര സമയത്ത് ഒളിവിൽ പോയ പ്രതിയെ വഞ്ചിയുർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവെയാണ് കേസിൽ പ്രതിയെ ശിക്ഷിക്കുന്നത്.