ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിലെ ധോണിയുടെ റണ്‍ ഔട്ടിനെക്കുറിച്ചുള്ള തന്‍റെ ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ന്യൂസിലാന്‍റ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷം. ധോണിയുടെത് ഔട്ടാണെന്ന തരത്തിലായിരുന്നു നീഷമിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ അമ്പയറുടെ വിധി തെറ്റാണ് എന്ന വാദത്തിലായിരുന്നു ധോണി ഫാന്‍സ്. ഇതിനെതിരെ ഫോട്ടോ സഹിതം നീഷം ട്വിറ്ററിലിട്ട പോസ്റ്റാണ് ധോണി ഫാന്‍സിന്‍റെ സൈബര്‍ അറ്റാക്ക് കാരണം ഡിലീറ്റ് ചെയ്തിരിക്കുന്നത്.
ഹൈദരാബാദിലെ രാജിവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 149 റണ്‍സ് പിന്തുടരവെ ടീം സ്കോര്‍ 82 റണ്‍സില്‍ എത്തിയിരിക്കെ ആണ് ധോണി റണ്‍ ഔട്ട് ആകുന്നത്. പതിമൂന്നാം ഓവറില്‍ അധിക റണ്ണിന് വേണ്ടി ഓടാന്‍ ശ്രമിച്ച ധോണിയെ മുംബൈയുടെ ഇഷന്‍ കിഷനാണ് നേരിട്ടുള്ള ഏറിലൂടെ പുറത്താക്കിയത്.
എന്നാല്‍ ദീര്‍ഘമായ ആലോചനക്ക് ശേഷം വന്ന മൂന്നാം അംപയറുടെ തീരുമാനം ഔട്ടെന്ന് വിധിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിശകലനങ്ങള്‍ ധാരാളമായിരുന്നു. രണ്ട് വ്യത്യസ്ഥ കോണുകളില്‍ നിന്നുള്ള ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അമ്പയറുടെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിരുന്നു.
നീഷത്തിന്‍റെ പുതിയ പോസ്റ്റ് ഇങ്ങനെയാണ്. “ധോണിയെക്കുറിച്ചുള്ള എന്‍റെ മുന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു. എന്‍റെ നിലപാടില്‍ മാറ്റമുള്ളതുകൊണ്ടല്ല. മറിച്ച് മറ്റ് രണ്ട് കാരണങ്ങളാലാണ്. 1. ഒറ്റ ദിവസംകൊണ്ട് വരുന്ന 200ഓളം ചീത്തവിളിച്ചുള്ള കമന്‍റുകള്‍ കാരണം അസ്വസ്ഥനാണ്. 2. ഞാന്‍ ശരിക്കും കാര്യമാക്കുന്നില്ല. ഒരിക്കല്‍ കൂടി അത് സംബന്ധിച്ച് പോസ്റ്റിടാന്‍ എന്നെ ശല്യപ്പെടുത്തരുത്.”