നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി. ഇതിനു പിന്നാലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന് വ്യക്തമല്ല. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
മാർച്ച് 31നാണ് ശിവമോഗ ജില്ലിയലെ മക്ഗാൻ ആശുപത്രിയിൽ നിന്ന് തെരുവുനായ കുഞ്ഞിനെ കടിച്ചുകൊണ്ടുപോയത്. രാവിലെ ഏഴ് മണിയോടെ ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ഗാർഡാണ് പ്രസവ വാർഡിൽ നിന്ന് നായ ഇറങ്ങിവരുന്നത് ശ്രദ്ധിച്ചത്. നായ കുഞ്ഞിനെ കടിച്ചുപിടിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ട ഗാർഡ് പട്ടിയുടെ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തുകയായിരുന്നു. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.