ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തീകൊളുത്തിയ സംഭവം പെണ്‍കുട്ടിക്ക് നേരെയുണ്ടായ അക്രമമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാള്‍ രക്ഷപെട്ടെന്നാണ് വിവരമെന്ന് മേയര്‍ പറഞ്ഞു.
കോരപ്പുഴ പാലം കടന്നുള്ള പ്രദേശത്തേക്ക് എത്തിയപ്പോള്‍ അക്രമി ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. അതേസമയം ട്രെയിനില്‍ മൂന്ന് യാത്രക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്.
ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ പ്രിന്‍സ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. D1 കോച്ചിലാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പരുക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് പൊലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിയത്.
തലശേരി നായനാര്‍ റോഡ് സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത് എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂര്‍ സ്വദേശി അശ്വതി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീപടര്‍ന്ന കമ്പാര്‍ട്ട്‌മെന്റ് പാലത്തിന് മുകളിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.