National

ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് രാഹുൽ ഗാന്ധി; വെളിപ്പെടുത്തലുമായി നടി ദിവ്യ സ്പന്ദന

അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയ നടിയാണ് ദിവ്യ സ്പന്ദന. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ദിവ്യ സ്പന്ദന. ഇപ്പോള്‍ അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം.

അച്ഛന്‍ മരിച്ച സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടം. ഈ സമയത്ത് തന്നെ മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണ് എന്നാണ് ദിവ്യ പറയുന്നത്. ഒരു ചാറ്റ് ഷോയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം അമ്മയാണ്, അടുത്തത് എന്റെ അച്ഛനാണ്, മൂന്നാമത്തേത് രാഹുല്‍ ഗാന്ധിയാണ്. അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ആലോചിച്ചു. തെരഞ്ഞെടുപ്പിലും ഞാന്‍ തോറ്റിരുന്നു. സങ്കടത്തിന്റെ ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് രാഹുല്‍ ഗാന്ധി എന്നെ സഹായിക്കുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്തുവെന്ന് ദിവ്യ സ്പന്ദന പറഞ്ഞു.

2012ൽ ആണ് ദിവ്യ യൂത്ത് കോൺഗ്രസിന്റെ ഭാഗമാകുന്നത്. തുടർന്ന് 2013ൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ദിവ്യ സ്പന്ദനയ്ക്ക് പിന്നീട് പദവി നഷ്‌ടമാവുകയായിരുന്നു.