Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനം; അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനത്തിൽ അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നഴ്‌സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. അതേസമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെൻഷനിലായ പ്രതികൾ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. 

എൻജിഒ യൂണിയൻ കോഴിക്കോട് ജില്ലാ നേതാവിനെതിരെ ഗുരുതര ആരോപണമാണ് നഴ്‌സിംഗ് ഓഫീസർ അനിത.പി.ബി ഉന്നയിക്കുന്നത്. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ നിലകൊണ്ടതിന്റെ പേരിൽ സസ്‌പെൻഷൻ ഭീഷണിയടക്കം ഉണ്ടെന്ന് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിലും അവഹേളിക്കാൻ ശ്രമം നടക്കുന്നതായി തെളിവ് സഹിതം പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധവുമായി കേരള ഗവ നഴ്‌സസ് യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരപരാധികളായ ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണെന്നും ഇവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുടെ കൂട്ടായ്മയെന്ന പേരിൽ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.

അതേസമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെൻഷനിലായ പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 5 പേരുടെയും വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം. വിഷയത്തിൽ മഹിളാമോർച്ച പ്രവർത്തകർ ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.