ആകാശക്കാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ച്ച് മാസം ഒരുക്കിയത് ഒരു വിരുന്ന് തന്നെയായിരുന്നു. ശുക്രന്- വ്യാഴം ഒത്തുചേരലായാലും ചന്ദ്രന്-ശനി ഒത്തുചേരലായാലും എല്ലാ വിസ്മയങ്ങളും വാനനിരീക്ഷകര്‍ക്ക് പ്രീയപ്പെട്ടവ തന്നെ. ചന്ദ്രന് ശുക്രനെ മറയ്ക്കുന്ന കാഴ്ച കാണണമെന്നുണ്ടോ? നാളെ ആ അപൂര്‍വ കാഴ്ചയും ആകാശത്ത് ദൃശ്യമാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ ആകാശവിസ്മയം കാണാമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ശുക്രനും ഭൂമിയ്ക്കുമിടയിലൂടെ ചന്ദ്രന് കടന്നുപോകുന്ന കാഴ്ചയാണ് നാളെ വൈകീട്ട് ആകാശത്ത് ദൃശ്യമാകുക. ചന്ദ്രന് ഈ വിധത്തില്‍ കടന്നുപോകുന്ന സമയം ശുക്രന് പൂര്‍ണമായി മറഞ്ഞിരിക്കുന്നതായി നമ്മുക്ക് തോന്നും. ചന്ദ്രന്റെ വ്യാസം ശുക്രന്റെ വ്യാസത്തേക്കാള്‍ കൂടുതല്‍ ആയതിനാലാണ് ഇത് സംഭവിക്കുന്നത്. നാലര മണിക്കൂറോളം നേരം ശുക്രന് മറഞ്ഞിരിക്കും. വൈകീട്ട് 5.30ന് ശേഷമുള്ള സമയത്താണ് ആകാശത്തില്‍ ഈ കാഴ്ച കാണാനാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യാസ്തമയത്തിന് ശേഷമാകും ഈ കാഴ്ച വ്യക്തതയോടെ ആകാശത്ത് തെളിയുക.
ഏഷ്യയുടേയും ആഫ്രിക്കയുടേയും ചില ഭാഗങ്ങളിലാണ് ഇത് വ്യക്തമായി കാണാന്‍ സാധിക്കുക. ഇന്ത്യയിലും ചൈനയുടെ തെക്ക് ഭാഗത്തും വൈകീട്ട് ഈ കാഴ്ച ദൃശ്യമാകും.