India National

‘മോദി ഭിന്നിപ്പിന്റെ തലവന്‍’

മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിനില്‍ കവർ സ്റ്റോറി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍ പാക്കിസ്താന്‍ വംശജനാണെന്ന ബി.ജെ.പി പ്രചരണം വ്യാജം. ലേഖനം പുറത്ത് വന്നയുടനെ ലേഖനത്തിനെ വിമര്‍ശിക്കുന്നതിന് പകരം എഴുതിയ മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നായിരുന്നു പ്രധാന ആരോപണം.

ടൈംസ് നൌ ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയുടെ ലേഖനത്തോടുള്ള നിലപാട് വ്യക്തമാക്കിയതിങ്ങനെ: ‘ഏതൊരു മാസികയേക്കാളും വലുതാണ് ഈ രാജ്യത്തെ ജനങ്ങളുടെ വിശ്വാസമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വരുന്ന 23ന് മോദിയുടെ പ്രകടനം എങ്ങനെയുണ്ടെന്ന് തെളിയും. എനിക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച്… പാക്കിസ്താന്‍ വംശജനായ ഒരു എഴുത്തുക്കാരന്റെ ലേഖനത്തെ അധികം വിശ്വാസത്തിലെടുക്കണ്ട.’

ബി.ജെ.പി വക്താവ് സമ്പിത് പാത്രയും അമിത് ഷായുടെ നിലപാട് തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചത്. ‘മോദി ഭിന്നിപ്പിന്റെ തലവന്‍ എന്ന് ലേഖനമെഴുതിയ വ്യക്തി പാക്കിസ്താനുക്കാരനാണ്,പാക്ക് വംശജനാണ്.നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം പാക്കിസ്താന്‍ എങ്ങനെയാണെന്ന്. അവര്‍ മോദിയെ വെറുക്കുന്നു, നമ്മള്‍ രണ്ട് സര്‍ജിക്കല്‍ സ്ട്രൈക്കുകളാണ് അവര്‍ക്ക് നേരെ നടത്തിയത്. ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്? പക്ഷെ രാഹുല്‍ ഗാന്ധി ഇതും പൊക്കി പിടിച്ച് ട്വീറ്റ് ചെയ്യുന്നു’; സമ്പിത് പാത്ര പറഞ്ഞു.