Kerala

പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭാ നടപടികൾ ഇന്നും സ്തംഭിച്ചേക്കും

പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭാ നടപടികൾ ഇന്നും സ്തംഭിച്ചേക്കും. കഴിഞ്ഞദിവസം സഭയിൽ ഉണ്ടായ തർക്കത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതും പ്രതിഷേധത്തിന് കാരണമാകും. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവാനാണ് സാധ്യത. എം.എൽ.എമാർക്കെതിരെ കേസെടുത്തത് അടിയന്തര പ്രമേയ നോട്ടീസ് ആയി അവതരിപ്പിച്ചേക്കും. നിയമസഭ സംഘർഷത്തിൽ സ്പീക്കറുടെ റൂളിംഗ് ഉണ്ടാകാനുമിടയുണ്ട്. കഴിഞ്ഞ മൂന്നു ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ തടസ്സപ്പെട്ടിരുന്നു. 

നിയമസഭയിലെ സംഭവവികാസങ്ങളെത്തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ എംഎൽഎമാർ രംഗത്തുവന്നിരുന്നു. സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറില്ലെന്നും ഉറപ്പ് നൽകിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എം.എൽ.എമാർക്കെതിരെ ബല പ്രയോഗം നടത്താനാണ് വാച്ച് ആൻഡ് വാർഡ് ശ്രമിച്ചതെന്നും എംഎൽഎമാർ പറഞ്ഞു. കള്ളക്കേസെടുത്ത് തങ്ങളെ തളർത്താനാകില്ല. ജനവിരുദ്ധ സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരുമെന്നും എംഎൽഎമാർ വ്യക്തമാക്കി.

സഭയിൽ നടന്ന സംഭവവികാസങ്ങളിൽ തങ്ങളുടെ വാദം വിശദീകരിച്ച് എംഎൽഎമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, കെ.കെ. രമ, ഉമ തോമസ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

നിയമസഭയിലെ കയ്യാങ്കളിയിൽ രണ്ട് ഭരണപക്ഷ എംഎൽഎമാക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സച്ചിൻ ദേവ്, എച്ച്. സലാം എന്നിവർക്കെതിരെയാണ് കേസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങൾക്കെതിരെ കേസ് എടുത്ത്. അതേസമയം അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എംഎൽഎമാരായ എച്ച് സലാം, സച്ചിൻ ദേവ്, അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, കണ്ടാൽ തിരിച്ചറിയുന്ന വാച്ച് ആൻഡ് വാർഡ് എന്നിവർക്കെതിരെയാണ് കേസ്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങൾക്കെതിരെ കേസ് എടുത്തത്.

വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.