കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ട്രാന്‍സ് സമൂഹം. ട്രാന്‍സ് ജെന്‍ഡറായ ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തി 45 ദിവസമാകുമ്പോഴും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് മാവൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ശാലുവിന് പിന്നില്‍ രണ്ട് പേര്‍ നടന്നുപോകുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് കേസില്‍ ഒരാളെ പോലും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കേരളത്തിലെ മുഴുവന്‍ ട്രാന്‍സ്ജെന്‍റേര്‍സിനെയും ഉള്‍പ്പെടുത്തി ഈ മാസം 21ന് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ട്രാന്‍സ് കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒരാളെ പോലീസ് തമിഴ്നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.