ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 സീസണിൽ ബെംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ. പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിന് പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്.
എഐഎഫ്എഫിന്റെ 2021 ലെ ഡിസ്സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ ചുമത്തിയിരിക്കുന്നത്. അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും പരിശീലകനെതിരെ ചുമത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കളിയെ അപമാനിക്കുക, ഏതെങ്കിലും വ്യക്തിയെ അപമാനിക്കുക, ഫെയർ പ്ലെ നിയമങ്ങൾ ലംഘിക്കുക. സ്പോർട്ടിങ്ങിനെതിരെയുള്ള പെരുമാറ്റത്തിൽ ഏർപ്പെടുക എന്നിവയാണ് ഉപവകുപ്പുകൾ. ഇതുമായി ബന്ധപ്പെട്ട ശിക്ഷ എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും. കേരളം ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വിശദീകരണം ലഭിച്ചതിന് ശേഷമാകും നടപടികൾ.