പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് മുൻപിൽ സമരവുമായി കുടുംബം. കുന്നമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബാംഗങ്ങൾ സമരം നടത്തുന്നത്. അതേസമയം രോഗിയുടെ ബന്ധുകൾ ഡോക്ടറെ ആക്രമിച്ച കേസിൽ മുഴവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടേഴ്സ് വെള്ളിയാഴ്ച സംസ്ഥാന വ്യാപക പണിമുടക്ക് നടത്തും.
കുന്നമംഗലം സ്വദേശിനി ഹാജറ നജയുടെ കുഞ്ഞാണ് കഴിഞ്ഞ മാസം 24ന് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്നും ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത്. ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല. കമ്മിഷണർ ഓഫിസ് പസരത്തും പ്രതിഷേധവുമായി ആളുകളെത്തി.
ഹാജറയുടെ ബന്ധുക്കൾ ഫാത്തിമ ആശുപത്രിയിലെ കാർഡിയോളിജിസ്റ്റ് ഡോ.അശോകനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ആറു പേർക്കെതിരെയാണ് കേസെടുത്തത്. ഡോക്ടേഴ്സിനെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും, ഐഎംഎ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് റോഡ് തടസപ്പെടുത്തി മാർച്ച് നടത്തിയതിൽ പൊലീസ് എടുത്ത കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച ഡോക്ടേഴ്സ് പണി മുടക്ക് നടത്തുന്നത്. അതേസമയം ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ.