Entertainment

Oscar: മരപ്പാവയെ മനുഷ്യക്കുട്ടിയാക്കിയ അച്ഛന്റെ സ്‌നേഹം; മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമായി ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഒരു മരപ്പണിക്കാരന്‍ ഒരു മരപ്പാവയെ സൃഷ്ടിക്കുകയും പിതൃവാത്സല്യം കൊണ്ട് അതിന് ജീവന്‍ വയ്പ്പിക്കുകയും ചെയ്ത മനോഹരമായ മുത്തശ്ശിക്കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഡെല്‍ ടോറോയും മാര്‍ക് ഗുസ്താഫ്‌സണും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെല്‍ ടോറോയും പാട്രിക് മകേലും കാല്‍ലോ കൊളോഡിയുമാണ് ചിത്രത്തിന്റെ രചയിതാക്കള്‍.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് അക്കാദമിക് അവാര്‍ഡ് വിതരണം നടക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മലാണ് ചടങ്ങുകളുടെ അവതാരകന്‍. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുക.

മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഉള്‍പ്പെട്ടത് ഇന്ത്യക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സരിക്കുന്നു, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട് വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സ് മത്സരിക്കുന്നു.

ജിമ്മി കിമ്മല്‍ പ്രധാന അവതാരകനായ ചടങ്ങില്‍ ദീപിക പദുക്കോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്‌സ്, റിസ് അഹമ്മദ് തുടങ്ങിയ മറ്റ് അവതാരകരുമുണ്ട്.