Entertainment

95-ാം ഓസ്‌കാര്‍: ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷ വാനോളമുയര്‍ത്തുന്നുണ്ട് ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പാട്ടിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്റെ ജയ് ഹോയ്ക്ക് ശേഷം എം.എം.കീരവാണിയുടെ പാട്ടിലൂടെ മറ്റൊരു ഓസ്‌കര്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
അതിര്‍ത്തികള്‍ താണ്ടി പറന്ന രാജമൌലി ചിത്രം ആര്‍ആര്‍ആറിലെ ഈ ഗാനം ഇന്ത്യയുടെ മറ്റൊരു അഭിമാനമായി മാറുകയാണ്. ഗോള്‍ഡന്‍ ഗ്ലോബും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും കരസ്ഥമാക്കിയ നാട്ടുനാട്ടു ഓസ്‌കര്‍ കൂടി നേടി പട്ടിക തികയ്ക്കുമെന്നാണ് പ്രതീക്ഷ. കനുകുണ്ഡല സുഭാഷ് ചന്ദ്രബോസ് എഴുതി എം എം കീരവാണി ചിട്ടപ്പെടുത്തിയ ഗാനം ദശലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ ഇതിനോടകം കണ്ടത്. രാഹുല്‍ സിപ്ലിഗഞ്ചിന്റേയും കാലഭൈരവയുടേയും ആലാപനവും ഗാനരംഗത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെയും റാം ചരണിന്റേയും ചടുലനൃത്തവും ആരാധകരുടെ എണ്ണം കൂട്ടി.

നാട്ടുനാട്ടു ഉള്‍പ്പെടെ 5 ഗാനങ്ങളാണ് അവസാന സാധ്യതാപട്ടികയിലുള്ളത്. ഗ്രാമിയിലും ഗോള്‍ഡന്‍ ഗ്ലോബിലും നോമിനേറ്റ് ചെയ്യപ്പെട്ട ലേഡി ഗാഗയുടെ ഹോള്‍ഡ് മൈ ഹാന്‍ഡ് എന്ന ഗാനം കടുത്ത മത്സരമുയര്‍ത്തി രംഗത്തുണ്ട്. സൂപ്പര്‍താരം ടോം ക്രൂയിസിന്റെ ടോപ്പ് ഗണ്‍-മാവെറിക് എന്ന ചിത്രത്തിനായാണ് ലേഡി ഗാഗ പാട്ട് തയ്യാറാക്കിയത്.

ബ്ലാക്ക് പാന്തര്‍-വാകന്‍ഡ ഫോറെവര്‍ എന്ന ചിത്രത്തിനായി റിഹാനയും സംഘവും ചേര്‍ന്ന് പാടിയ ലിഫ്റ്റ് മി അപ്പാണ് നോമിനേഷന്‍ ലഭിച്ച മറ്റൊരു ഗാനം. എവെരിതിങ് എവെരിവേര്‍ ആള്‍ അറ്റ് വണ്‍സിലെ ദിസ് ഈസ് എ ലൈഫ് എന്ന ഗാനവും ടെല്‍ ഇറ്റ് ലൈക്ക് എ വുമണ്‍ എന്ന സിനിമയിലെ അപ്ലോസ് എന്ന ഗാനവും ആണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന മറ്റ് ഗാനങ്ങള്‍. ഓസ്‌കര്‍ ലഭിച്ചാലും ഇല്ലെങ്കിലും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടതു തന്നെ അഭിമാന നേട്ടമെന്ന് ആര്‍ആര്‍ആര്‍ ടീം ഒന്നടങ്കം പറയുന്നു. ഞായറാഴ്ച ലോസ് ഏഞ്ചല്‍സ് ഡോള്‍ബ് തീയറ്ററിലെ പ്രൌഢഗംഭീരമായ സദസിന് മുന്നില്‍ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് നാട്ടുനാട്ടു അവതരിപ്പിക്കും. ഗാനത്തിന് തത്സമയ ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കുന്നത് സാക്ഷാല്‍ എം.എം.കീരവാണിയും.