സ്വയം കുഴിച്ച കുഴിയിൽ വീണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ആധികാരിക ജയം. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്ട്രേലിയ യോഗ്യത നേടി. അതേസമയം തോറ്റെങ്കിലും 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് മുന്നിലാണ്.
76 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് ഓസ്ട്രേലിയ മത്സരം അവസാനിപ്പിച്ചു. ട്രാവിസ് ഹെഡും മാർനസ് ലാബുഷാഗ്നെയുമാണ് ജയം ഒരുക്കിയത്. ട്രാവിസ് പുറത്താകാതെ 53 പന്തിൽ 49 റൺസ് നേടിയപ്പോൾ ലാബുഷാഗ്നെ പുറത്താകാതെ 28 റൺസെടുത്തു. ഉസ്മാന് ഖവാജയെ ആർ അശ്വിൻ പുറത്താക്കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 109 റൺസിന് പുറത്തായി.
മറുപടിയായി കംഗാരുക്കൾ ഒന്നാം ഇന്നിംഗ്സിൽ 197 റൺസ് നേടി 88 റൺസിന്റെ ലീഡ് നേടി. ചേതേശ്വർ പൂജാര ഒഴികെ, രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതോടെ ടീം മുഴുവനും 163 റൺസിന് പുറത്താവുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നേരത്തെ 2021ൽ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് ടീം ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നാലാം ടെസ്റ്റ് മാർച്ച് 9 മുതൽ അഹമ്മദാബാദിൽ നടക്കും.