Football

സ്പാനിഷ് കപ്പിൽ എൽ ക്ലാസിക്കോ പോരാട്ടം; പരുക്കിന്റെ പിടിയിൽ ബാഴ്സ

ലോക ഫുട്ബോളിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഇന്ന് രാത്രി അരങ്ങൊരുങ്ങും. സ്പാനിഷ് കപ്പ് ടൂർണമെന്റായ കോപ്പ ഡെൽ റേ സെമി ഫൈനലിലാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ക്ക് റയൽ മാഡ്രിഡിന്റെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിലാണ് ആദ്യ പാദ മത്സരം. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് സ്പാനിഷ് കപ്പിന്റെ സെമിയിൽ എത്തുന്നത്. റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. El Clasico in Copa Del Ray

കഴിഞ്ഞ ആറ് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് റയലിന്റെ കുതിപ്പ്. ഫെബ്രുവരി പകുതിയിൽ ക്ലബ് ലോകകപ്പ് നേടിയ ടീം മികച്ച ഫോമിലാണ്. എന്നാൽ പരുക്കുകളുടെ പിടിയിൽ വലയുന്ന ബാഴ്സ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർ തോൽവികൾ നേരിട്ടു. എന്നാൽ, ഇതൊന്നും എൽ ക്ലാസിക്കോ എന്ന യുദ്ധമുഖത്തിന്റെ ആവേശം കുറയ്ക്കില്ല. കളിമികവിലല്ല, മറിച്ച് താരങ്ങളുടെ മെന്റാലിറ്റിയിയാണ് ഓരോ ക്ലാസിക്കോ മത്സരത്തിന്റെയും അടിസ്ഥാനം

പരുക്കുകളിൽ കുടുങ്ങിയാണ് ബാഴ്സലോണ ഇറങ്ങുന്നത്. അൽമേറിയക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ ഹാംസ്റ്റിങ്ങിന് പരുക്കേറ്റ റോബർട്ട് ലെവൻഡോസ്‌കി ഇന്ന് ഇറങ്ങില്ല. പ്ലേ മേക്കറായ പെഡറിയും വിങ്ങർ ഔസ്മാനെ ടെമ്പേളെയും പരുക്കിൽ നിന്ന് മോചിതനായിട്ടില്ല. പരിശീലനത്തിനിടെ പരുക്കേറ്റ അൻസു ഫാറ്റി ഇന്ന് കളിക്കാൻ ഇറങ്ങുന്നതിൽ സംശയങ്ങളുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽവി നനഞ്ഞ ബാഴ്സക്ക് ഫോമിലേക്ക് തിരിച്ച വരാൻ ഇന്നത്തെ മത്സരം നിർണായകമാണ്.

ലിവർപൂളിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഡേവിഡ് അലാബ, റോഡ്രിഗോ എന്നിവർക്ക് ഇന്നത്തെ മത്സരം നഷ്ടപ്പെടും. ലെഫ്റ് ബാക്ക് ഫെർലാൻഡ് മെന്റി പരുക്കിൽ നിന്നും മുക്തനായിട്ടില്ല. മാർച്ച് 20ന് ഇരു ടീമുകളും ലാ ലിഗ മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടും.