നിർമാതാവ് വിജയ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ. പുതിയ സിനിമയിലേക്ക് പെൺകുട്ടികളെ ക്ഷണിച്ചുകൊണ്ടാണ് കാസ്റ്റിംഗ് കോൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ലോഗോ അടക്കമാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ, ഈ കാസ്റ്റിംഗ് കോൾ വ്യാജമാണെന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു എന്നും ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഫേക്ക് അലർട്ട് : ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പോസ്റ്റർ ഫേക്കാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. വഞ്ചിക്കപ്പെടാതിരിക്കുക.’- ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പൂവാലൻ പൂച്ച എന്ന സിനിമയിലേക്ക് സാരി ഉടുക്കാനറിയുന്ന, ഡാൻസ് കളിക്കാൻ അറിയുന്ന 15നും 35നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ബന്ധപ്പെടുക എന്നതാണ് വ്യാജ കാസ്റ്റിംഗ് കോൾ പോസ്റ്ററിലുള്ളത്.