സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റു രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിനൊപ്പം ആശ്രമം കത്തിച്ച ശബരി, ഇവർക്ക് വാഹനം നൽകിയ വിജിലേഷ് എന്നീ ആർ.എസ്.എസ് പ്രവർത്തകർക്കായിട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
അറസ്റ്റിലായ കൃഷ്ണകുമാർ അടക്കം പ്രകാശിന്റെ ആത്മഹത്യാ കേസിലും പ്രതികളാണ്. ആത്മഹത്യ കേസിൽ റിമാൻഡിൽ കഴിയവേയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത പ്രകാശ് ആണ് ആശ്രത്തിനു തീ വെച്ചതെന്ന സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പ്രതികൾ ആക്രമണത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു.
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടശേഷം റീത്ത് വച്ചത് താനാണെന്ന് അറസ്റ്റിലായ കുണ്ടമൺകടവ് സ്വദേശി കൃഷ്‌ണകുമാർ മൊഴി നൽകി. ഈ റീത്ത് കെട്ടിനൽകിയത് ആത്മഹത്യചെയ്ത പ്രകാശാണെന്നും ഇയാളുടെ മൊഴിയിലുണ്ട്. പ്രകാശിന്റെ ആത്മഹത്യാകേസിൽ അറസ്റ്റിലായ നാല് ആർഎസ്എസുകാരിൽ ഒരാളാണ് കൃഷ്‌ണകുമാർ. അതേസമയം, ആശ്രമം കത്തിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളിലെ ബൈക്കിൽ സഞ്ചരിച്ചവരിൽ ഒരാൾ മരിച്ച പ്രകാശ് ആണെന്ന് പ്രദേശവാസികളടക്കമുള്ളവർ തിരിച്ചറിഞ്ഞു.
ആശ്രമം കത്തിച്ച കേസിൽ ആർഎസ്‌എസിന്റെ പങ്ക് കൃത്യമായി വെളിപ്പെടുത്തുന്നതാണ് കൃഷ്‌ണകുമാർ നൽകിയ മൊഴി. ആശ്രമം കത്തിച്ചത് താനുൾപ്പെടെയുള്ള ആർഎസ്‌എസ് പ്രവർത്തകരാണെന്ന് പ്രകാശ് പലരോടും പറഞ്ഞിരുന്നു. ഇതാണ് കൃഷ്‌ണകുമാറടക്കമുള്ള ആർഎസ്‌എസുകാരെ പ്രകോപിപ്പിച്ചത്. 2022 ജനുവരി മൂന്നിനാണ് സംഘം പ്രകാശിനെ ക്രൂരമായി മർദിച്ചത്. ഒരു മണിക്കൂറിനുള്ളിൽ പ്രകാശ് ആത്മഹത്യ ചെയ്‌തു.