ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു വധക്കേസിൽ അന്തിമവാദം തുടങ്ങി. പ്രോസിക്യുഷൻ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായിരുന്നു.സമൂഹമനസാക്ഷിയെ ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നിട്ട് നാളേക്ക് അഞ്ച് വർഷം തികയുകയാണ്.
മധുകൊല്ലപ്പെട്ട് നാല് വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചതെങ്കിലും പിന്നീട് റെക്കോർഡ് വേഗത്തിലാണ് നടപടികൾ പൂർത്തിയായത്.ഏറെ കോളിളക്കം ഉണ്ടാക്കിയ കേസിന്റെ വിചാരണാവേളയിലും നിരവധി അപൂർവ്വതകൾക്ക് കോടതി സാക്ഷിയായി.127 പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേർ തുടർച്ചയായി കൂറുമാറി.77പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെതുടർന്ന് മുൻ പ്രോസിക്യൂട്ടറെ മാറ്റി രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷയും സാക്ഷിവിസ്താരത്തിനിടെ കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കാൻ ഉത്തരവിട്ടതുമൊക്കെ വാർത്തകളിൽ ഏറെ ഇടം പിടിച്ചു.
അഞ്ച് വർഷം നീണ്ട മധുവിന്റെ അമ്മ മല്ലിയുടേയും സഹോദരി സരസുവിന്റെയും പോരാട്ടം തന്നെയാണ് കേസിനെ ഇതുവരെ എത്തിച്ചത്.അഞ്ച് വർഷത്തിന് ശേഷം കേസിൽ വാദം കേൾക്കൽ തുടങ്ങുമ്പോൾ വലിയ പ്രതീക്ഷയാണ് മധുവിന്റെ കുടുംബം വച്ചുപുലർത്തുന്നത്.