India National

ഇറോം ഇനി ഇരട്ടക്കുട്ടികളുടെ അമ്മ

മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷർ‌മിള. 46ാം വയസിൽ ബംഗളൂരുവിലാണ് ഇറോം ഷർമിള ഇരട്ടപെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിൾക്ക് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം ഷര്‍മിള കുട്ടികൾക്ക് ജന്മം നൽകിയത്.

ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമും ഭാരമുണ്ട്. കുട്ടികളുടേയും അമ്മയുടേയും ചിത്രം വൈകാതെ തന്നെ പുറത്തുവിടുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2017ലാണ് ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെ മണിപ്പൂര്‍ സമരനായിക ഇറോം വിവാഹം കഴിച്ചത്. ഇതോടെ മണിപ്പൂർ വിട്ട് ദക്ഷിണേന്ത്യയിലേക്ക് താമസം മാറുകയായിരുന്നു. സായുധ സേനയ്ക്കുള്ള പ്രത്യേക അധികാരമായ അഫ്സപ മണിപ്പൂരിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം പുതിയ ജീവിതമാരംഭിച്ചത്. 2000 നവംബര്‍ രണ്ടിനായിരുന്നു ഇറോം ഷര്‍മിള മണിപ്പൂരില്‍ ദീര്‍ഘ നിരാഹാരസമരത്തിന് തുടക്കം കുറിച്ചിരുന്നത്. ശേഷം സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സുമായി രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും 90 വോട്ടുകള്‍ മാത്രമാണ് ആകെ സ്വന്തമാക്കാനായത്.