മക്കൾ എത്ര വളർന്നാലും മാതാപിതാക്കളെ സംബന്ധിച്ച് അവർ എന്നും കുഞ്ഞുങ്ങളാണ്. മക്കൾ പ്രധാനമന്ത്രിയോ സിനിമാ, കായിക താരമോ ആവട്ടെ മാതാപിതാക്കളുടെ കരുതൽ എന്നും അവർക്കൊപ്പം ഉണ്ടാകും. ജീവിതത്തിൽ ഈ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. മാത്രമല്ല സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം വീഡിയോകൾ വൈറലായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് വനിതാ താരം പൂജ വസ്ത്രകറിൻ്റെ പിതാവ് താരത്തിന് നൽകിയ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്.
‘പൂജ ധാരാളം പണം പാഴാക്കുന്നു. WPL ൽ നിന്നും ലഭിച്ച മുഴുവൻ തുകയും ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് തുറന്ന് അതിൽ നിക്ഷേപിക്കണം. മകൾ ഒരു ദിവസം ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ക്രിക്കറ്റിനായി പണം ചോദിക്കുമ്പോഴെല്ലാം, എന്തിനാണ് ക്രിക്കറ്റിൽ സമയം കളയുന്നതെന്ന് ചോദിച്ച് ഞാൻ അവളെ കളിയാക്കും. അവൾ പറയാറുണ്ടായിരുന്നു, അച്ഛൻ കണ്ടോ ഒരു ദിവസം ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കും…’- ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബന്ധൻ റാം പറയുന്നു.
ഐസിസി വനിതാ ടി20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുമ്പ് പൂജ വസ്ത്രകർ തന്റെ പിതാവിന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാർ സമ്മാനമായി നൽകിയിരുന്നു. പ്രഥമ വനിതാ പ്രീമിയർ ലീഗിൽ 1.90 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ഈ ഓൾറൗണ്ടറിനെ സ്വന്തമാക്കിയത്. 2 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലും 44 ടി20 മത്സരങ്ങളിലും വാസ്ട്രാക്കർ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.