കേടായ മൊബൈൽ ഫോൺ നന്നാക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് 15 വയസുകാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കുട്ടി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ കുട്ടിയെ വീട്ടുകാര്‍ നിരന്തരം ശകാരിച്ചിരുന്നു. മൊബൈൽ ഫോൺ പ്രവർത്തനം നിലച്ചതോടെ ഫോൺ നന്നാക്കണമെന്ന് വീട്ടുകാരോട് നിർബന്ധിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല.
ഇതിൽ മനംനൊന്ത് കുട്ടി മുറിയിലേക്ക് പോയി സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡിസിപി പറഞ്ഞു.