ബസുകളുടെ നിയമ ലംഘനത്തിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകും എന്ന് മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. ബസുകളിലെ പരിശോധന കർശനമാക്കാനും ഇന്ന് കൊച്ചിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ കൊച്ചിയിൽ ഗതാഗത വകുപ്പ് മന്ത്രി ഉന്നത തല യോഗം വിളിച്ചത്. നിയമ ലംഘനങ്ങൾ കണ്ടെത്താനായി സ്വകാര്യ ബസുകളിൽ മുമ്പിലും പിറകിലും ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. ഇതിൻ്റെ 50 ശതമാനം പണം റോഡ് സേഫ്റ്റി അതോറിറ്റി ബസുകൾക്ക് നൽകും. മാർച്ച് ഒന്ന് മുതൽ ക്യാമറയില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ല.
കെഎസ്ആർടിസി ബസുകളിലും റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹായത്തോടെ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി മാനേജ്മെൻറിന് നിർദേശം നൽകും. ഓരോ സ്വകാര്യ ബസുകളും ഇനി മുതൽ ഒരോ ഉദ്യോഗസ്ഥൻ്റെ നിയന്ത്രണത്തിലായിരിക്കും. ഈ ബസുകളിലെ നിയമ ലംഘനത്തിന്റെ ഉത്തരവാദിത്തം ആ, ഉദ്യോഗസ്ഥൻ കൂടി ഏൽക്കേണ്ടി വരും. തീരുന്നില്ല ഫസ്റ്റ് എയ്ഡ് ബോക്സിന് പുറകിലായി ഉദ്യോഗസ്ഥൻ്റ പേരും, നമ്പരും, ഡ്രൈവറുടെ പേരും പ്രദർശിപ്പിക്കണം.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പരിശോധന ശക്തമായി തുടരും. സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചിട്ടുണ്ടോ ഡ്രൈവർമാർ എന്ന് പരിശോധിക്കാൻ പരിശോധന കിറ്റ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കാനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി 6 മാസത്തിലൊരിക്കൽ പ്രത്യേക പരിശീലനവും ആരോഗ്യ പരിശോധനയും ഉണ്ടാകും. പൊലീസിനെയും ഉദ്യോഗസ്ഥരേയും കൂടാതെ ബസ് ഉടമകളും തൊഴിലാളി സംഘടന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.