ഭാരത് ജോഡോ യാത്ര അവസാനിച്ചതോടെ രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൽപ്പറ്റപാറവയൽ കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തെ രാഹുൽ സന്ദർശിച്ചു. നീതി കിട്ടുംവരെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഉറപ്പ് നൽകി.
കൽപ്പറ്റ മണിയങ്കോട് കോൺഗ്രസിന്റെ കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് രാഹുൽ സന്ദർശിച്ചു. തുടർന്ന് കളക്ട്രേറ്റിൽ നടന്ന വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം പുതുശ്ശേരിയിൽ കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ വീട്ടിലെത്തുന്ന രാഹുൽ ഗാന്ധി വൈകിട്ട് മീനങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുത്ത്. ഇന്ന് രാത്രി കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
അതേസമയം, മരിച്ച വിശ്വനാഥന്റെ കുടുംബത്തിന് സർക്കാർ ധനസഹായം അനുവദിച്ചു. രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചത്. യുവാവിന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. സംഭവത്തെ കുറിച്ച് കളക്ടറോടും പൊലീസ് മേധാവിയോടും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.
വിശ്വനാഥന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിവാഹം കഴിഞ്ഞു എട്ട് വർഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിൽ കഴിഞ്ഞ വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം ഉറപ്പിച്ചു പറയുന്നത്. മർദിച്ചു കൊലപ്പെടുത്തിയതാണെന്നും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണം ഉണ്ടെന്നും സഹോദരൻ രാഘവൻ പറയുന്നു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആൾക്കൂട്ട മർദ്ദനം നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എസിപി വ്യക്തമാക്കിയിരുന്നു.