Kerala

കാടും നാടും വിട്ട് കൂടുജീവിതത്തോട് ഇണങ്ങി പാലക്കാട്ടെ ‘ധോണി’

കഴിഞ്ഞ മാസം 22നാണ് പാലക്കാട്ടെ ധോണിയില്‍ നാട് വിറപ്പിച്ച പി.ടി സെവന്‍ എന്ന ആനയെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. നാട്ടിലെ പരാക്രമങ്ങള്‍ക്കും കാട്ടിലെ വാസത്തിനും അവസാനമായതോടെ ധോണി ഇപ്പോള്‍ ശാന്തനാണ്. ഇപ്പോഴും വനംവകുപ്പ് പ്രത്യേകമായി തയ്യാറാക്കിയ മരത്തിന്റെ തടികള്‍ കൊണ്ടുള്ള കൂട്ടിലാണ് ആന കഴിയുന്നത്. ധോണിയില്‍ നിന്ന് പിടികൂടിയ ആനയെന്ന നിലയില്‍ വനംമന്ത്രി എ കെ ശശീന്ദ്രനാണ് ആനയ്ക്ക് ധോണിയെന്ന പേര് നല്‍കിയത്.

മയക്കുവെടി വച്ച് കൊണ്ടുപോയ ധോണി ഇപ്പോള്‍ എവിടെയാണെന്നാണ് നാട്ടുകാരും ചോദിക്കുന്നത്. തടിക്കൂട്ടിലായ ധോണി കൂടുജീവിതത്തോട് ഏതാണ്ട് ഇണങ്ങി തുടങ്ങിയിരിക്കുകയാണ്. കുറുമ്പനായിരുന്ന കൊമ്പന്‍ ഇപ്പോള്‍ ശാന്ത സ്വഭാവക്കാരനായി മാറുന്നുണ്ട്. ദേഹത്തെ മുറിവുകള്‍ ഒഴിച്ചാല്‍ ആന പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് വെറ്റനറി ഡോക്ടര്‍മാര്‍ പറയുന്നത്.

സമപ്രായക്കാരായ പാപ്പാന്മാര്‍ മണികണ്ഠനും മാധവനുമായി ധോണി ഏറെക്കുറേ ഇണങ്ങിക്കഴിഞ്ഞു. പാപ്പാന്മാര്‍ നല്‍കുന്ന കരിമ്പ് എത്രകിട്ടിയാലും കഴിക്കുമെന്ന അവസ്ഥയാണ്. തീരുമ്പോള്‍ വീണ്ടും കിട്ടാന്‍ പാപ്പാന്മാര്‍ക്ക് നേരെ തുമ്പിക്കൈ നീട്ടും. പുല്ലുമാത്രം നല്‍കിയിരുന്ന കൊമ്പനിപ്പോള്‍ ചോറ്, റാഗി, ചെറുപയര്‍, ശര്‍ക്കര എന്നിവയും നല്‍കുന്നുണ്ട്. മതിയായ ഉറക്കവും മുറിവുണങ്ങാനുളള മരുന്നും കൂടി കിട്ടി തുടങ്ങിയതോടെ ധോണി ഏറെക്കുറേ ഓക്കെയാണ്.