ഷാരൂഖ് ഖാന് ചിത്രം പഠാന് ഇന്ത്യയ്ക്കകത്ത് മാത്രം 336 കോടി കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ട്. ചിത്രം റിലീസ് ചെയ്ത് വെറും എട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള അമ്പരപ്പിക്കുന്ന കണക്കുകളാണിത്. ആഗോളതലത്തില്‍ ചിത്രം ആകെ 634 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് പറഞ്ഞ 700 കോടിയെന്ന ലക്ഷ്യം ചിത്രം വളരെ എളുപ്പത്തില്‍ തന്നെ പിന്നിടുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത്. ആദ്യദിനം മാത്രം 106 കോടിയാണ് ചിത്രം നേടിയത്.
ആദ്യ ദിനത്തില്‍ ആഭ്യന്തരതലത്തില്‍ ചിത്രം 57 കോടി കളക്ഷന്‍ നേടിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ഇത്തരമൊരു റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. രണ്ടാം ആഴ്ചയിലേക്ക് പഠാന് കടക്കുമ്പോള്‍ ബുധനാഴ്ച 55 കോടി, വ്യാഴാഴ്ച 68 കോടി, വെള്ളിയാഴ്ച 38 കോടി, ശനിയാഴ്ച 51.50 കോടി, ഞായറാഴ്ച 58.50 കോടി, തിങ്കളാഴ്ച 25.50 കോടി, ചൊവ്വാഴ്ച 22 കോടി, ബുധനാഴ്ച 17.50 കോടി എന്നിങ്ങനെയാണ് ചിത്രം നേട്ടമുണ്ടാക്കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു.
ജനുവരി 25ന് തീയേറ്ററുകളിലെത്തിയ പഠാന് ആദ്യ ദിനം തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. റിലീസിന് മുമ്പ് ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളെയെല്ലാം മറികടന്നാണ് ചരിത്ര വിജയം തുടരുന്നത്. ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരഭിനയിക്കുന്ന പഠാന് നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് എക്കാലത്തെയും വലിയ ഓപ്പണറായി ഉയരുന്നത്.