ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസത്തേയും അവസാന ദിവസത്തേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യാത്ര 134 ദിവസം പിന്നിടുമ്പോൾ രാഹുൽ ഗാന്ധിക്ക് വന്ന മാറ്റമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാധ്യമപ്രവർത്തകൻ പ്രശാന്ത് കുമാറാണ് ഈ ട്രാൻസ്ഫോമേഷൻ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ ഇത് വൈറലാവുകയായിരുന്നു. ( rahul gandhi transformation bharat jodo yatra )
2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 29, 2023 ൽ കശ്മീരിലാണ് അവസാനിച്ചത്. ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടെയാണ് സമാപന സമ്മേളനം നടന്നത്. രാജ്യത്ത് അസഹിഷ്ണുതയ്ക്കും വിഭാഗീയതയ്ക്കും എതിരായി യുള്ള പൊതുജന വികാരം ഭാരത് ജോഡോ യാത്രാ പ്രതിഫലിപ്പിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.
യാത്രയ്ക്ക് രാഷ്ട്രീയ ഉദ്ദേശങ്ങൾ ഇല്ലായിരുന്നെന്ന് രാഹുൽ ഗാന്ധി സമാപന സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസും അടക്കം പ്രചരിപ്പിക്കുന്ന വിദ്വേഷ അന്തരീക്ഷത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണർത്താൻ യാത്രയ്ക്ക് സാധിച്ചു. അമ്മുമ്മയും പിതാവും അപ്രതീക്ഷിതമായി നഷ്ടപ്പെട്ട തനിക്ക് ഈ ഗണത്തിൽപ്പെട്ട ഇരകളുടെ എല്ലാം വികാരങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത ജോഡോ യാത്രയുടെ പ്രഖ്യാപിത ലക്ഷ്യത്തെ പൂർണ്ണമായും വിജയിപ്പിച്ച സഹോദരൻ രാഹുൽ ഗാന്ധിയെ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു. ബിജെപി സർക്കാരിനെതിരായ ജനവികാരം ആണ് യാത്രയുടെ വിജയത്തിന് അടിസ്ഥാനമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു.
കാര്യപരിപാടിയും സമയപരിധിയും വെട്ടി കുറച്ചെങ്കിലും നൂറുകണക്കിന് പ്രവർത്തകരാണ് പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ഷെർ ഇ കാശ്മീർ സ്റ്റേഡിയത്തിലെ സമാപന യോഗത്തിലേക്ക് എത്തിയത്.