പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിൻറെ കവർ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിൻ ചോദിക്കുന്നുണ്ട്.
ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിൽ മോദിയുടെ ചിത്രം കവറിൽ നൽകിയ അതേ ടൈം മാഗസിൻ തന്നെ, ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട്
തിരിഞ്ഞു കൊത്തിയിരിക്കുകയാണ് പുതിയ കവര്‍ സ്റ്റോറിയിലൂടെ. കവറിൽ മോദിയുടെ കാരിക്കേച്ചർ അടക്കമാണ് ആതിഷ് തസീർ എഴുതിയ ലേഖനം ടൈം നൽകിയത്.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. പശുവിൻെറ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിർഭയമായ മാധ്യമപ്രവർത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ ശക്തമായി വിമർശിക്കുന്നുണ്ട്.
ഇത് മൂന്നാം തവണയാണ് മോദി ടൈം മാഗസിന്റെ കവര്‍ ചിത്രമാകുന്നത്. 2015 ലാണ് ഇതിനുമുമ്പ് മോദിയെപ്പറ്റിയുള്ള അവരുടെ പതിപ്പ് ഇറങ്ങിയത്. ടൈം പേഴ്സണ്‍ ഓഫ് ഇയര്‍ പുരസ്കാരവുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുണച്ചത് മോദിയെ ആയിരുന്നു. 2012 ലാണ് മോദി ആദ്യമായി മാഗസിന്റെ കവര്‍ ചിത്രമായിവരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മോദിയെ ദീര്‍ഘവീക്ഷണമുള്ള കൗശലക്കാരനായും വിവാദ രാഷ്ട്രീയക്കാരനായുമായിരുന്നു 2012ല്‍ ടൈംസ് വിശദീകരിച്ചിരുന്നത്.