Kerala

മക്കളോട് പറഞ്ഞത് അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന്, ബന്ധുക്കളെ അറിയിച്ചത് ബംഗലൂരുവിൽ പഠിക്കാൻ പോയതായും; സജീവൻ കുടുങ്ങിയത് സഹോദരനുണ്ടായ സംശയത്തിൽ

വൈപ്പിൻ എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയസംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും സജീവനെ കോടതിയിൽ എത്തിക്കുക. രമ്യയുടെ മൃതദേഹാവാശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം നടത്തുകയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

2021 ഓഗസ്റ്റിലാണ് സജീവൻ ഭാര്യ രമ്യയെ കൊലപെടുത്തിയത്. രാത്രിയോടെ മൃതദേഹം വീടിന്റെ പോർച്ചിനോട് ചേർന്ന് കുഴിച്ചിടുകയും ചെയ്തു. അമ്മ മറ്റൊരാൾക്കൊപ്പം പോയി എന്ന് മക്കളോട് കള്ളം പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളോടും അയൽവാസികളോടും രമ്യ ബാംഗ്ലൂരിൽ പഠിക്കാൻ പോയതാണെന്ന് പറഞ്ഞു. സംശയം തോന്നിയ രമ്യയുടെ സഹോദരനാണ് ആറു മാസത്തിനു ശേഷം ആദ്യം പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സജീവനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. സംശയമാണ് കൊലയ്ക്ക് കാരണമെന്ന് സജീവൻ ഞാറക്കൽ പോലീസിന് മൊഴി നൽകി. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ തിരോധാനകേസുകൾ പോലിസ് കൂടുതൽ ഗൗരവത്തോടെ അന്വേഷിച്ചിരുന്നു.