എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയില്‍ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു.
പാലക്കാട് സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനമുള്ളത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. വലിയ കവറുകളിലാക്കി തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറില്‍ പോലുമല്ലാതെ ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ മാംസത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.