Sports

വെയില്‍സിനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറയുന്നു

വെയില്‍സ് താരം ഗാരത് ബെയ്ല്‍ ഫുട്‌ബോള്‍ കരിയറിനോട് വിട പറഞ്ഞു. 33 വയസ് മാത്രം പ്രായമുള്ള ബെയ്ല്‍ താന്‍ വിരമിക്കുകയാണെന്നും ഇത് താന്‍ വളരെ ചിന്തിച്ചെടുത്ത തീരുമാനം ആണെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. വിരമിക്കല്‍ അറിയിച്ച കുറിപ്പില്‍ ദേശിയ ടീമില്‍ നിന്നും ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി താരം എഴുതി. 

‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന കായിക വിനോദത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത പല നിമിഷങ്ങളും സമ്മാനിച്ചു. കഴിഞ്ഞ 17 സീസണുകളില്‍ അവിസ്മരണീയമായിരുന്നു. പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ച സതാംപ്ടന്‍ മുതല്‍ അവസാന ക്ലബ്ബ് ആയ ലോസ് അഞ്ചലസ് വരെയുള്ള എല്ലാ ടീമുകള്‍ക്കും നന്ദി’. ബെയ്ല്‍ പറഞ്ഞു.

നീണ്ട കാത്തിരിപ്പിനുശേഷം വെയില്‍സ് 2022 ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യത നേടിയെടുക്കുമ്പോള്‍ അത് ബെയിലെന്ന വിട്ടുകൊടുക്കാത്ത പോരാളിയുടെ കൂടി കരുത്തിലായിരുന്നു. അപ്രതീക്ഷിതമെന്ന വാക്ക് ഉപയോഗിച്ചാല്‍ കുറഞ്ഞുപോകുന്നത്ര അപ്രതീക്ഷിതമായാണ് ബെയില്‍ ബൂട്ടഴിക്കുന്നത്. എതിരാളികള്‍ക്ക് തടയാനാകാത്തത്ര വേഗതയും ലക്ഷ്യബോധമുള്ള ബുള്ളറ്റ് ഷോട്ടുകളും കളിക്കളത്തില്‍ അവനെ എന്നും വ്യത്യസ്തനാക്കി. പകരക്കാരന്റെ ബെഞ്ചിലാക്കപ്പെട്ട ക്ലബ്ബ് കരിയര്‍ കാലത്ത് അവന്‍ തളരില്ലായിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം മിന്നുന്ന ഗോള്‍ നേട്ടമുണ്ടാക്കി അവന്‍ ഉയര്‍ന്നുതന്നെ നിന്നു.

വെയില്‍സ് ദേശീയ ജേഴ്‌സി അണിയാന്‍ സാധിച്ചതും ക്യാപ്റ്റന്‍ ആവാന്‍ കഴിഞ്ഞതും ബഹുമതി ആയി കണക്കാക്കുന്നു എന്ന് താരം സൂചിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് വസലിയ ഭാഗ്യമാണ്. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന കുടുംബത്തിനും ബെയ്ല്‍ നന്ദി അറിയിച്ചു. ജീവിതത്തില്‍ പുതിയ വെല്ലുവിളികള്‍ നേരിടാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ബെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ലോക ഫുട്‌ബോളിനെ ആനന്ദിപ്പിച്ച, പ്രതിരോധ നിര താരങ്ങളെ ഭയപ്പെടുത്തിയ പ്രതിഭ വിരമിക്കുന്നത് ആരാധകരില്‍ അമ്പരപ്പും ദുഃഖവുമുണ്ടാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ ബെയില്‍ ബെന്‍സേമ ട്രയം ബിബിസി എന്ന പേരില്‍ ഒരു കാലത്ത് ലോകം കീഴടക്കിയ മുന്നേറ്റ നിരയാണ്. ഈ മുന്നേറ്റ നിരയുടെ പ്രകടന മികവിന്റെ കൂടെ കരുത്തിലാണ് തുടര്‍ച്ചായി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.