കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡ്രീം റൺ തുടരുകയാണ്. ഇന്നലെ കൊച്ചിയിൽ ജംഷഡ്പൂർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നപ്പോൾ പരാജയമറിയാതെ 8 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ആറാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സമനില ഒഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളിലും വിജയം. പോയിൻ്റ് പട്ടികയിൽ മൂന്നാമത്. (kerala blasters goal jamshedpur)
സീസൺ തുടക്കത്തിൽ തുടരെ മൂന്ന് കളി പരാജയപ്പെട്ടതിനു ശേഷമാണ് ഇവാൻ വുകുമാനോവിച് തൻ്റെ മാന്ത്രികവടി വീശിത്തുടങ്ങിയത്. എതിരാളികളെ പഠിച്ച് അദ്ദേഹം ടീമൊരുക്കി. വമ്പൻ പേരുകാർക്കപ്പുറം കളത്തിലെ ഇംപാക്ടിനനുസരിച്ച് അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞു. പരാജയമറിയാത്ത ഈ കുതിപ്പ് സീസൺ അവസാനം വരെ തുടരുമെന്ന് നിർബന്ധമില്ല. ചിലപ്പോൾ ഇടയ്ക്ക് കാലിടറിയേക്കാം. എങ്കിലും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ കളി ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ കൊച്ചിയിൽ, നിറഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കി കണ്ടത്.
കളിയുടെ 65ആം മിനിട്ടിലാണ് കളത്തിൽ കവിത വിരിഞ്ഞത്. തുടങ്ങിയത് മധ്യനിരയിലെ മാന്ത്രികൻ അഡ്രിയാൻ ലൂണയിലൂടെ. റൈറ്റ് വിങ്ങിൽ മധ്യത്തുനിന്ന് പന്ത് സ്വീകരിച്ച ലൂണ ബോക്സിൻ്റെ എഡ്ജിൽ നിൽക്കുന്ന സഹലുമായി ഒരു വൺ ടു. സഹലിനു സമാന്തരമായി ഡിയമൻ്റകോസ്, മധ്യഭാഗത്തുനിന്ന് ബോക്സിലേക്ക് ഓടിക്കയറുന്ന ജിയാന്നു. ഓപ്പൺ സ്പേസ് ജിയാന്നുവിനു കൂടുതലുണ്ട്. എന്നാൽ കൃത്യമായി അദ്ദേഹം മാർക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. ജിയാന്നുവിലേക്ക് ഒരു ത്രൂ ബോൾ ഗോൾ സാധ്യത 50-50 ആക്കും. കളി കണ്ടവരും കളത്തിലുള്ളവരും അതാണ് ചിന്തിച്ചത്. എന്നാൽ, ലൂണ പാസ് നൽകിയത് ഡിയമൻ്റകോസിന്. പാസ് കൊടുത്തിട്ട് ബോക്സിൻ്റെ വലതുവശത്ത് ഓപ്പൺ സ്പേസിലൂടെ ഓടിക്കയറുന്നു. ഈ സമയം ജിയാന്നുവും ബോക്സിലെത്തി. കൂടെ ടൈറ്റ് മാർക്കിംഗിൽ ഡിഫൻഡറും. ലൂണയിൽ നിന്ന് പന്ത് സ്വീകരിച്ച് ഡിയമൻ്റകോസിൻ്റെ ഒരു ഫസ്റ്റ് ടച്ച് ബാക്ക് ഹീൽ പാസ് ജിയാന്നുവിന്. ഷോട്ടിനു സ്പേസില്ല. ഈ സമയം ലൂണ ബോക്സിലെത്തി. ഫ്രീ സ്പേസ്. പന്ത് സ്വീകരിച്ച ജിയാന്നുവിൻ്റെ ഷോട്ട് തടയാൻ മൂന്ന് ഡിഫൻഡർമാർ. എന്നാൽ, ജംഷഡ്പൂരിനു പിഴച്ചു. ജിയാന്നുവിൻ്റെ ഒരു ഫസ്റ്റ് ടച്ച് ബാക്ക് ഫീൽ പാസ് ലൂണയിലേക്ക്. മുന്നിൽ ഗോളി മാത്രം. ബ്ലാസ്റ്റേഴ്സ് 3 ജംഷഡ്പൂർ 1. മാജിക്കൽ.
ജിയാന്നു നേടിയ ആദ്യ ഗോളും ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. ഇടതുവിങ്ങിൽ നിന്ന് ഡിയമൻ്റകോസിൻ്റെ നിലം പറ്റെയുള്ള ഒരു സ്വീകരിച്ച ജിയാന്നുവിൻ്റെ ഫസ്റ്റ് ടച്ച് ബാക്ക് ഹീൽ ഷോട്ട്. ഒപ്പം ഓടിയ രണ്ട് ഡിഫൻഡർമാരും ഗോളിയും നിഷ്പ്രഭരായ ഗോളുകൾ.