കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവർത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തി.
അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ . ഒരു കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റു . ആർപ്പൂക്കര സ്വദേശി കെ ആർ ഷാജിക്കും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഫോണിൽ പരാതി പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നും ഷാജി പറഞ്ഞു.
അതിനിടെ രശ്മിക്ക് ഭക്ഷ്യ വിഷബാധയേറ്റ അതേ ദിവസം ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാനായിട്ടില്ല. ഒരു ക്വാർട്ടർ കുഴിമന്തിയും ഷവർമ്മയും ആണ് ഇമ്മാനുവൽ ഓർഡർ ചെയ്തത്. കുഴിമന്തി ചിക്കനും റൈസും മയണോയ്സുമാണ് ഇമ്മാനുവൽ കഴിച്ചത്. അന്നത്തെ ദിവസംതനിക്ക് വലിയ പ്രശ്നമുണ്ടായില്ല. എന്നാൽ അടുത്ത ദിവസം കടുത്ത വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടുവെന്ന് ഇമ്മാനുവൽ പ്രതികരിച്ചു.
പിന്നാലെ നല്ല വിറയലോടെ പനിയുണ്ടായി. മരുന്ന് കഴിച്ചെങ്കിലും പനിയും വയറിളക്കവും കൂടിയും കുറഞ്ഞും ഇരുന്നു. ഒരു ദിവസം കൂടി വീട്ടിൽ വിശ്രമിച്ച ശേഷം കോട്ടയം കിംസിൽ അഡ്മിറ്റായി. താനിപ്പോഴും ആശുപത്രിയിലാണ് പനി വിട്ടെങ്കിലും വയറിളക്കവും വയറുവേദനയും ഇപ്പോഴും ഉണ്ടെന്ന് ഇമ്മാനുവൽ വ്യക്തമാക്കി.