ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു. ഇന്ന് മുതൽ രണ്ടു ട്രെയിനുകൾ ആയാകും യാത്ര. അമൃത എക്സ്പ്രസ് മധുര മുതൽ തിരുവനന്തപുരം വരെയും രാജ്യ റാണി കൊച്ചുവേളിയില്‍നിന്ന് നിലമ്പൂർ വരെയുമാണ് യാത്ര നടത്തുക.
2011 മുതലാണ് രാജ്യറാണിയും അമൃത എക്സ്പ്രെസും ഒന്നിച്ചു യാത്ര തുടങ്ങിയത്. നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്തി രാജ്യറാണി അമൃതക്കൊപ്പം ചേരുകയായിരുന്നു. ഇതാണ് ഇന്ന് മുതൽ രണ്ട് ട്രെയിനുകള്‍ ആകുന്നത്. രാത്രി 8.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന രാജ്യറാണി നിലമ്പൂരിൽ രാവിലെ7:50ന് എത്തും. മടക്കയാത്ര രാത്രി 8:50ന് പുറപ്പെട്ട് ആറിന് കൊച്ചുവേളിയിലെത്തും. അമൃത എക്സ്പ്രെസ് തിരുവനന്തപുരം സെന്റട്രലില് നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചക്ക് 12.30ന് മധുരയിൽ എത്തും. തിരിച്ച് ഉച്ച്ക് 3.15ന് പുറപ്പെട്ട് രാവിലെ 5.50നാണ് തിരുവനന്തപുരത്ത് എത്തുക.
അമൃതക്ക് ഷൊർണ്ണൂർ സ്റ്റോപ്പ് ഒഴിവാക്കി. കൊല്ലങ്കോട് പുതിയ സ്റ്റോപ്പ് നൽകിയിട്ടുണ്ട്. നിലവിലെ എട്ട് കോച്ചുകള്‍ക്ക് പകരം പതിനെട്ട് കോച്ചുകളാകും രാജ്യറാണിയിലുണ്ടാകുക. അമൃതയും രാജ്യറാണിയും രണ്ടാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി രാത്രി മിനുറ്റുകളുടെ വ്യത്യാസത്തില്‍ മൂന്ന് ട്രെയിനുകളുണ്ടാകും. 8.30ന് അമൃതയും 8.35ന് തിരുവനന്തപുരം – മംഗളൂര് എക്സ്പ്രസും 8.50ന് കൊച്ചുവേളിയില്‍ നിന്ന് രാജ്യറാണിയുമാണ് യാത്ര തിരിക്കുക. ഇത് യാത്രക്കാര്‍ക്ക് ഗുണമാകില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.