വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം.
ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുംവരെ നീരവ് മോദി ജയിലില്‍ തുടരേണ്ടിവരും.
നീരവ് മോദിക്കെതിരെയുള്ളത് അസാധാരണ കേസാണെന്ന് കഴിഞ്ഞ മാസം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും ക്രമവിരുദ്ധമായി 13,000 കോടി രൂപ വായ്പയെടുത്ത് മുങ്ങി എന്നാണ് കേസ്.
കഴിഞ്ഞ ജനുവരിയില്‍ രാജ്യംവിട്ട നീരവ് മോദി ബ്രിട്ടണില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതായി ലണ്ടനിലെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19ന് സ്കോട്ട്ലന്‍ഡ്യാഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
നീരവ് മോദിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നീരവ് മോദിയുടെ ഇന്ത്യയിലെ 1873 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.