ഭരണഘടനാ വിരുദ്ധമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് സംവരണം കൊണ്ടുവരാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ദലിത്, ആദിവാസി പ്രവർത്തകരും ബുദ്ധിജീവികളും രംഗത്തുവന്നിരിക്കുകയാണ്.
മുന്നോക്ക സമുദായങ്ങള്‍ ഏതെങ്കിലും ഗവൺമെന്റ് മേഖലയിൽ പ്രാതിനിധ്യം കിട്ടാത്തവരല്ലെന്ന് അഖിലേന്ത്യാ ദലിത് കോൺഫഡറേഷൻ ചെയർമാൻ അശോക് ഭാരതി പറഞ്ഞു. ജനസംഖ്യാ ആനുപാതത്തേക്കാൾ അധികാര പ്രാതിനിധ്യം കിട്ടുന്ന ജനങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ഇത് തെളിഞ്ഞ ഭരണഘടനാ ലംഘനവും ഉന്നത ജാതിക്കാരെ പ്രീണിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു
സാമ്പത്തിക ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് സി.പി.എമ്മും ബില്ലിനൊപ്പമാണെന്ന് കോൺഗ്രസും നിലപാടെടുത്തെങ്കിലും സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധവും മുന്നോക്ക പ്രീണനമാണെന്നുമെല്ലാം വിമർശിച്ചാണ് ദലിത് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.
സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം ചരിത്രപരമായ അസന്തുലിതത്വവും അധികാര പ്രാതിനിധ്യമില്ലായ്മയും പരിഹരിക്കലാണെന്നും ദാരിദ്ര നിര്‍മാര്‍ജനമല്ലെന്നുമാണ് വിമര്‍ശനം. സംവരണം ഒരു ദാരിദ്ര നിർമാർജന പദ്ധതിയല്ല. സഹസ്രാബ്ദങ്ങളായി അധികാര പ്രാതിനിധ്യം നിഷേധിച്ച ജനങ്ങളെക്കുറിച്ച നീതിയുടെ ചോദ്യമാണ് സംവരണം എന്നും ജവഹർലാൽ നെഹ്റു സർവകലാശാല പ്രൊഫസർ വിവേക് കുമാർ പറഞ്ഞു.
ഭരണപാർട്ടിയായ
ബി.ജെ.പി ദലിത് സമുദായങ്ങളുമായി ഭീകരമായി കലഹിച്ച കാലം കൂടിയായിരുന്നു ഇത്.
2016ൽ ജാതിപീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുല,
ഗുജറാത്തിലെ
ഉനയിൽ ദലിത് യുവാക്കളെ കെട്ടിയിട്ടടിച്ചത്, ഭീമ കോറെഗാവിലെ അക്രമം
തുടങ്ങിവയെല്ലാം വലിയ തോതിലുള്ള വിമർശനങ്ങൾക്കും പോരാട്ടങ്ങൾക്കും
വഴിവെച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണം തിങ്കളാഴ്ച്ച മുന്നോട്ടുവെച്ച
തീരുമാനം ദലിത് സമുദായത്തിനിടയിൽ വൻ രോഷത്തിനിടയാക്കുമെന്നും പ്രവർത്തകർ
പറയുന്നു.
മോഡി ഭരണകൂടത്തിന്റെ നീക്കം സാമുഹ്യ നീതിയെ നിർവീര്യമാക്കുന്ന പ്രവർത്തമാണെന്നും പിന്നോക്ക സമുദായങ്ങളോടുള്ള ഭരണകൂടത്തിന്റെ പക്ഷപാത മനോഭാവം പ്രകടമാകുന്നതാണെന്നും മഞ്ജുള പ്രദീപ് പറയുന്നു.