Sports

‘മാറക്കാനയിലേക്ക് മെസിയെ സ്വാഗതം ചെയ്ത് ബ്രസീൽ’; കാൽപാടുകൾ ഹാൾ ഓഫ് ഫെയിമിൽ കൊത്തിവയ്ക്കും

അർജന്റൈൻ നായകൻ ലയണൽ മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ. ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലേക്ക് മെസിയെ ക്ഷണിച്ച് സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് സൂപ്രണ്ട്. മെസിയുടെ കാൽപ്പാടുകൾ ഹാൾ ഓഫ് ഫെയിമിൽ കൊത്തിവെയ്ക്കാൻ വേണ്ടിയാണിത്. മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് സൂപ്രണ്ട് അഡ്രിയാനോ സാന്റോസ് ആണ് ലിയോയെ ഔദ്യോഗികമായി ക്ഷണിച്ചത്.

‘വർഷങ്ങളായി ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ മികവ് പുലർത്തിക്കൊണ്ടിരിക്കുകയാണ് മെസി. കളിക്കളത്തിലും പുറത്തും മെസി തന്റെ പ്രാധാന്യം തെളിയിച്ചുകഴിഞ്ഞു. മെസിയെ ആദരിക്കാൻ മാറക്കാനയും അതിയായി ആഗ്രഹിക്കുന്നു. എല്ലാറ്റിലുമുപരിയായി മെസി ഒരു ഫുട്‌ബോൾ ജീനിയസാണ്,’ അഡ്രിയാനോ സാന്റോസ് അർജന്റീന ഫുട്‌ബോൾ ഫെഡറേഷൻ വഴി മെസിക്ക് അയച്ച കത്തിൽ പറയുന്നു.

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെ, ഗരിഞ്ച, റിവെലിനോ, റൊമാരിയോ, സീക്കോ, റൊണാൾഡോ എന്നിവരുടെ പേര് മാറക്കാന വാക് ഓഫ് ഫെയിമിൽ പതിച്ചിട്ടുണ്ട്. അഡ്രിയാനോ കഴിഞ്ഞ വർഷവും തിയാഗോ സിൽവ ഈയിടെയും ഇടം പിടിച്ചു.

ചിലിയുടെ എലിയാസ് ഫിഗുറോവ, സെർബിയയുടെ ദെഹാൻ പെറ്റ്‌കോവിച്ച്, പോർച്ചുഗലിന്റെ യൂസേബിയോ. യുറഗ്വായുടെ സെബാസ്റ്റിയൻ എബ്രു, ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവർ എന്നീ ലോകോത്തര താരങ്ങളും വാക് ഓഫ് ഫെയിം പട്ടികയിലുണ്ട്.