Gulf

കൊവിഡിന് ശേഷം ഉണര്‍വ്; ദുബായി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടി ദീര്‍ഘകാല താമസക്കാര്‍

കൊവിഡ് മഹാമാരിക്ക് ശേഷം ദുബായില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദുബായി അടക്കമുള്ള നഗരങ്ങളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന പ്രവാസികളാണ് വീടും കെട്ടിടങ്ങളുമായി നിരവധി ആസ്തികള്‍ സ്വന്തമാക്കുന്നതില്‍ കൂടുതലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക വിപണിയിലേക്കുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഗോള്‍ഡന്‍ വിസ അടക്കമുള്ളവ ദുബായില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കുന്നതില്‍ ദീര്‍ഘകാല താമസക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ദുബായി അടക്കമുള്ള നഗരങ്ങള്‍ കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തത് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ദുബായില്‍ സ്ഥിരതാമസമാക്കിയവരെ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പുതിയ നേട്ടങ്ങളാണ് ഇതുണ്ടാക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ദുബായിലെ സ്ഥിരതാമസക്കാര്‍ സ്വത്തുക്കള്‍ വാങ്ങുന്നതില്‍ ആത്മവിശ്വാസം കാണിക്കുന്നുണ്ടെങ്കിലും അവര്‍ സ്വന്തമായി വീടുകള്‍ വാങ്ങിയിട്ടില്ല. 10, 15 വര്‍ഷമായി തങ്ങളോടൊപ്പമുള്ള പ്രവാസികളില്‍ ഒരു വസ്തുവും വാങ്ങാത്ത നിരവധി പേരുണ്ടെന്ന് ഡമാക് പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ഡയറക്ടര്‍ അമീറ സജ്വാനി പറയുന്നു. ‘പുതിയ വിസ വ്യവസ്ഥയ്ക്ക് ശേഷം തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെ നിക്ഷേപം നടത്താന്‍ അവരിഷ്ടപ്പെടുന്നു. ഗോള്‍ഡന്‍ വിസ കിട്ടുന്നതും അവര്‍ക്കാശ്വാസമാണ്’. അമീറ സജ്‌വാനി പറഞ്ഞു.

വിദേശ ഫണ്ടുകളുടെയും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെയും പ്രാദേശിക വിപണിയിലേക്ക് ഒഴുക്കാണ് ദുബായിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഇത്ര ഡിമാന്റ് വര്‍ധിപ്പിക്കുന്നത്. ഒട്ടുമിക്ക വലിയ സ്റ്റാര്‍ട്ടപ്പുകളും ഓഫീസുകളും ആസ്ഥാനങ്ങളും ദുബായിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇത് പ്രാദേശിക പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് പ്രയോജനം ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.